
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് സാമ്പത്തിക ആശങ്കകൾക്ക് വഴിവെക്കുന്നു. അടുത്ത ഒരു വർഷക്കാലം അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർഥിച്ചതോടെയാണ് സ്വർണ ഇറക്കുമതി തീരുവ ഉയർത്തുമോയെന്ന ചർച്ചകൾ ശക്തമായത്. നിലവിൽ സ്വർണ ഇറക്കുമതിക്ക് 6 ശതമാനം തീരുവയാണ് കേന്ദ്രം ഈടാക്കുന്നത്. വിദേശനാണയ ശേഖരം സംരക്ഷിക്കാനായി ഈ തീരുവയിൽ വർധന വരുത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.
തീരുവ വർധിപ്പിച്ചാൽ രാജ്യത്തെ സ്വർണവിലയിൽ നേരിട്ടുള്ള വർധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. അതേസമയം ഉയർന്ന വില കാരണം ആവശ്യകത കുറയുകയും അതിലൂടെ സ്വർണ ഇറക്കുമതി താഴ്ന്നേക്കുകയും ചെയ്യും. എന്നാൽ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ധനമന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക സൂചനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളും മെട്രോ സംവിധാനങ്ങളും പരമാവധി ഉപയോഗിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിർദേശവും പുതിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും ഇന്ത്യയിൽ ഇതുവരെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. എന്നാൽ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപവരെ ഉയരാനിടയുണ്ടെന്ന ആശങ്കയും ഉയരുകയാണ്.
സ്വർണം, ഇന്ധനം, ഭക്ഷ്യഎണ്ണ, വളം തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ആശയമാണ് മോദി മുന്നോട്ടുവച്ചത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ വലിയ വിഹിതം ഈ മേഖലകളുടേതാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി 77,500 കോടി ഡോളറായപ്പോൾ അതിൽ 24,070 കോടി ഡോളർ ചെലവായത് ക്രൂഡ് ഓയിൽ, സ്വർണം, ഭക്ഷ്യഎണ്ണ എന്നിവയ്ക്കാണ്.
ഇതിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മാത്രം 13,470 കോടി ഡോളർ ചെലവായി. സ്വർണ ഇറക്കുമതി 7200 കോടി ഡോളറിലെത്തി. ഭക്ഷ്യഎണ്ണയ്ക്കായി 1950 കോടി ഡോളറും വളം ഇറക്കുമതിക്കായി 1450 കോടി ഡോളറും ചെലവിട്ടു. മുൻവർഷത്തെ 5800 കോടി ഡോളറിൽ നിന്ന് സ്വർണ ഇറക്കുമതി വൻ തോതിൽ ഉയർന്നതാണ് സർക്കാരിന്റെ ആശങ്ക വർധിപ്പിക്കുന്നത്. വളം ഇറക്കുമതിച്ചെലവിൽ 77 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.
2020-21ൽ ക്രൂഡ് ഓയിൽ, വളം, ഭക്ഷ്യഎണ്ണ, സ്വർണം എന്നിവയുടെ സംയോജിത ഇറക്കുമതിച്ചെലവ് 11,200 കോടി ഡോളറായിരുന്നു. ഏതാനും വർഷങ്ങൾക്കിടെ ഇത് ഇരട്ടിയിലധികമായി ഉയർന്നതാണ് കേന്ദ്രസർക്കാരിനെ ജാഗ്രതയിലാക്കുന്നത്.










